Followers

Sunday, 12 June 2016

ക്ഷേത്രങ്ങൾ നശിയ്ക്കുമ്പോൾ.......!

പ്രത്യേകതകൾ ആണ് ദൈവങ്ങളെയും മനുഷ്യരെയും എല്ലാം ശ്രേഷ്ഠർ ആക്കുന്നത്. അവരുടെ ശ്രേഷ്ഠതയിൽ ആണ് ഒരു ക്ഷേത്രത്തിന്റെയും നാടിന്റേയും നിലനിൽപ്പും. എല്ലാവരും തുല്യർ അല്ല എന്ന അടിസ്ഥാനതത്വത്തിൽ അതിഷ്ഠിതമായ ജീവിതം തന്നെ ആണ് ഇന്നും ദൈവങ്ങളെ നമ്മുടെ ജീവിതത്തിലെ ഒരു മുഖ്യഘടകം ആക്കി മാറ്റുന്നത്. മനുഷ്യരേക്കാളും ഉയർന്ന ഒരു ശക്തിയിൽ ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ എങ്കിലും അഭയം പ്രാപിയ്യ്ക്കാത്തവർ ഇല്ല എന്ന് തന്നെ പറയാം.

ദൈവങ്ങളുടെ പ്രത്യേകതകൾ അവരിലേയ്ക്ക് വിശ്വാസികളെ കൂടുതൽ അടുപ്പിയ്ക്കുന്നു. ഗുരുവായൂർ കൃഷ്ണനെ കാണാൻ കൂടുതൽ ആയും വരുന്നത് സ്ത്രീകള് തന്നെ എന്നത് വാസ്തവമായിരിയ്ക്കെ, സന്താനഗോപാല മൂർത്തി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ ദമ്പതികൾ ആണ്. ഇങ്ങനെ ഉള്ള പ്രത്യേകതകളുടെ ഒരു ചങ്ങലയുടെ കണ്ണികളാണ് ഓരോ ക്ഷേത്രവും, അവയുടെ സ്ഥാനങ്ങളും. നിങ്ങൾ ഒരു പക്ഷെ ശ്രദ്ധിച്ചിരിയ്ക്കാം, ഒരേ മൂർത്തിയുടെ ക്ഷേത്രങ്ങൾ അടുത്തടുത്ത സ്ഥലങ്ങളിൽ കാണാൻ സാധിയ്ക്കുകയില്ല. അല്ലെങ്കിൽ ഒരേ ശക്തിയുടെ ക്ഷേത്രങ്ങൾ സമീപ ഗ്രാമങ്ങളിൽ വരെ കാണില്ല. എന്താണ് ഇതിന്റെ ഒക്കെ അടിസ്ഥാനം? വേറൊന്നുമല്ല. വിശ്വാസങ്ങളിലൂടെ ആണ്, അല്ലെങ്കിൽ വിശ്വാസികളിലൂടെ ആണ് ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നിലനില്ക്കുന്നത്. ഇവരിലൂടെ തന്നെ ആണ് ഒരു നാടിന്റെ നിലനില്പ്പും. ഇതാണ് ഭാരത സംസ്കാരത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്ന്.

ശനി ശിങ്നാപ്പൂർ ക്ഷേത്രത്തിലേയ്ക്ക് ഈ ഇടെ സ്ത്രീകളെ അനുവദിയ്ക്കുകയുണ്ടായി. ലിന്ഗസമത്വം എന്ന പാശ്ചാത്യ ആശയത്തിന്റെ പുറത്താണ് ഇങ്ങനെ ഒരു നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. 400 വർഷത്തോളം അല്ലെങ്കിൽ 600 700 ഓ വർഷങ്ങൾക്ക് മുകളിൽ ഇവിടെ സ്ത്രീകളെ അനുവദിച്ചിരുന്നില്ല!! ഈ ഗ്രാമത്തിലെ സ്ത്രീകൾക്ക് അതിൽ കുഴപ്പം എന്തെങ്കിലും ഉണ്ടായിരുന്നതായി കേട്ടിരുന്നില്ല. പിന്നെ ആർക്കായിരുന്നു കുഴപ്പം?? ചിന്തനീയമാണ്, .ചിന്തിയ്ക്കൂ..

ശനി ശിങ്നാപ്പൂർ ഗ്രാമം വളരെ അധികം വിശേഷതകൾ നിറഞ്ഞതാണ്‌. ഈ ഗ്രാമവാസികൾക്ക് ശനിദേവനാണ് എല്ലാം. ശനിദേവൻ അവരെ ഏത് ആപത്തിലും കാക്കും എന്ന ഉറച്ച വിശ്വാസം അവരുടെ ഗ്രാമത്തെ വളരെ അധികം മാറ്റിയിട്ടുണ്ട്. ഹിന്ദു ആചാരപ്രകാരം ശനിദേവൻ ഒരാളുടെ ജീവിതത്തെ അനുകൂലമായും പ്രതികൂലമായും ബാധിയ്ക്കും. അതിനാൽ ഇവിടത്തെ പൂജയിൽ ഗൃഹനാഥൻമാർക്ക് ആണ് മുഖ്യസ്ഥാനം കാരണം അവരാണല്ലോ ഒരു കുടുംബത്തിന്റെ ഉയർച്ചയിലും താഴ്ച്ചയിലും പ്രധാന സ്ഥാനങ്ങൾ വഹിയ്ക്കുന്നത്. ഈ വിശ്വാസമായിരുന്നു ഈ ഗ്രാമത്തിന്റെ അടിസ്ഥാനവും. ഈ പ്രത്യേകത ആയിരുന്നു ഇവിടെയ്ക്ക്, ശനിദേവനിലെയ്ക്ക് കടുകെണ്ണ അർപ്പിയ്ക്കാൻ കുടുംബനാഥൻമാരെ ആകർഷിച്ചിരുന്നത്. അവരുടെ ശനിദോഷം മാറി കുടുംബം രക്ഷപ്പെടട്ടെ എന്ന വിശ്വാസം.

ഈ വിശ്വാസം ആ ഗ്രാമത്തെ വാതിലുകൾ ഇല്ലാത്ത ഒരു ഗ്രാമം ആക്കി മാറ്റിയിട്ടുണ്ട്. കാരണം ശനിദേവനിൽ ഉള്ള ഭയം മൂലം അവിടെ കള്ളൻമാർ വരാറില്ലത്രേ. കഴിഞ്ഞ കുറെ ദശകങ്ങളായി അവിടെ നടന്നത് ഒന്നോ രണ്ടോ കവർച്ചകൾ മാത്രം! ബാങ്കുകൾക്ക് വരെ വാതിലുകൾ വേണ്ട എന്ന നിലയിൽ ജീവിച്ച, ലോകത്തിലെ തന്നെ ഒരേ ഒരു ഗ്രാമത്തിന്റെ വിശ്വാസം ആണ് ഇന്ന് നശിപ്പിയ്ക്കപ്പെട്ടിട്ടുള്ളത്! ഇനി ഈ ക്ഷേത്രത്തിലേയ്ക്ക് വിശ്വാസികളുടെ ഒഴുക്ക് ഉണ്ടാവുമോ? അതെ വിശ്വാസം നഷ്ടപ്പെട്ട, അല്ലെങ്കിൽ വിശ്വാസത്തിലൂടെ ചൈതന്യം നഷ്ടപ്പെട്ട ക്ഷേത്രത്തിലേയ്ക്ക് ഇനി വിശ്വാസികളുടെ എണ്ണം കുറയും. ക്ഷേത്രത്തിന്റെ വരുമാനം കുറയും. അതോട് കൂടി, ആ ക്ഷേത്രത്തോട് ബന്ദപ്പെട്ടു ജീവിയ്ക്കുന്നവരുടെ വരുമാനം കുറയും. ആ ഗ്രാമത്തിന്റെ ചൈതന്യം പോകും, വാതിലുകൾ വരും, കവർച്ച കൂടും. എല്ലാറ്റിലും ഒടുവിൽ ആ ക്ഷേത്രവും ആ ഗ്രാമവും ജീവിതങ്ങളും നശിയ്ക്കും!
ഇനി നമ്മുക്ക് നമ്മുടെ ശബരിമലയിലെയ്ക്ക് കടക്കാം. കാരണം പാശ്ചാത്യ സംസ്കാരത്തിന്റെ വക്താക്കൾ ഇനി കുതിരകേറാൻ പോകുന്നത് അവിടേയ്ക്കാണല്ലോ?? ശബരിമലയിൽ സ്ത്രീകൾ പ്രവേശിയ്ക്കുന്നതോട്‌ കൂടി അവിടത്തെ വിശ്വാസത്തിന്റെ അടിസ്ഥാനം നശിയ്ക്കും. അത് വളരെ സാധാരണമായ, ആർക്കും എപ്പോഴും കേറിച്ചെല്ലാവുന്ന ക്ഷേത്രങ്ങളുടെ പട്ടികയിലേയ്ക്ക് സ്ഥാനം പിടിയ്ക്കുകയും ആളുകളുടെ എണ്ണം കുറഞ്ഞ് വരുമാനത്തിന്റെ അളവ് കുറഞ്ഞ്, അതിനോടനുബന്ദിച്ച് ജീവിയ്ക്കുന്നവരുടെ ജീവിതം നശിച്ച് ജീർണ്ണാവസ്ഥയിൽ എത്തിച്ചേർന്ന ക്ഷേത്രങ്ങളുടെ പട്ടികയിലേയ്ക്ക് ഇടം പിടിയ്ക്കുകയും ചെയ്യും. ഭാരതത്തിൽ അങ്ങോളം ഇങ്ങോളം പരതിയാൽ ഇങ്ങനെ നശിച്ച് പോയ ക്ഷേത്രങ്ങളെ ഒരു പാട് കാണാൻ സാധിയ്ക്കും. ഇത്പോലെത്തന്നെ പല പാശ്ചാത്യ ആശയങ്ങളുടെയോ ആക്രമണങ്ങളുടെയോ ഇരയായ ഒരു പാട് ക്ഷേത്രങ്ങളും അതിനെക്കാളുപരി അവയുമായി ബന്ദപ്പെട്ടു ജീവിച്ചിരുന്ന ഒരു പാട് നല്ല മനുഷ്യരും നശിച്ചതായി കാണുവാനും സാധിയ്ക്കും. കാരണം വരുമാനം ആണല്ലോ എല്ലാറ്റിന്റെയും അടിസ്ഥാനം. ഇതെല്ലാം ആർക്ക് വേണ്ടി? നമ്മുടെ നാട്ടിൽ ജീവിയ്ക്കാൻ, പാശ്ചാത്യ ഇടപെടലുകൾ ഇല്ലാതെ, ഇനിയും നമ്മുക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ എന്ത് സ്വാതന്ത്ര്യം?? ചിന്തിയ്ക്കാം, പ്രവർത്തിയ്ക്കാം!!